മുംബൈയിൽ പ്രായം കുറഞ്ഞ കോവിഡ് ബാധിതരിൽ കാവസാക്കി രോഗലക്ഷണവും 

15:57 PM
28/06/2020

മുംബൈ: കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈയിൽ പ്രായം കുറഞ്ഞ രോഗബാധിതരിൽ കാവസാക്കി രോഗത്തിന്‍റെ ലക്ഷണങ്ങളും കാണപ്പെടുന്നതായി റിപ്പോർട്ട്. പാശ്ചാത്യ രാജ്യങ്ങളിൽ കോവിഡ് ബാധിതർക്കിടയിൽ കാവസാക്കി ലക്ഷണങ്ങൾ കണ്ടിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. 

കുട്ടികളെ സാരമായി ബാധിക്കുന്നതാണ് കാവസാക്കി രോഗം. ശക്തമായ പനി, കണ്ണിലും വായിലും ദൃശ്യമാവുന്ന ചുവപ്പ് നിറം, കൈപ്പത്തിയിലും പാദങ്ങളിലും ചുവപ്പ് നിറവും നീരും, അഞ്ചാം പനിയിലെന്നതു പോലെ ശരീരത്തിനു പുറത്ത് ദൃശ്യമാവുന്ന കുരുക്കള്‍, കഴുത്തിലെ നീര് എന്നിവയാണ് കാവസാക്കിയുടെ ലക്ഷണങ്ങള്‍.

ഈ ആഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച 14കാരിയിലാണ് ആദ്യമായി കാവസാക്കി രോഗലക്ഷണം കണ്ടത്. കടുത്ത പനിയും ശരീരത്തിൽ തിണർപ്പും കുട്ടിക്കുണ്ടായിരുന്നു. കാവസാക്കിയുടെ പ്രധാന ലക്ഷണമാണ് ഇവ. കുട്ടിയുടെ നില ഗുരുതരമായതിനാൽ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ പിതാവിന് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിതാവിൽനിന്ന് രോഗം പകർന്നതായാണ് കരുതുന്നത്. 

യു.എസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് ബാധിതരായ കുട്ടികൾക്കിടയിൽ കാവസാക്കി ലക്ഷണങ്ങൾ ഏപ്രിൽ മുതൽ റിപ്പോർട്ട് ചെയ്തിരുന്നു. 

കാവസാക്കി രോഗത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാൽ ചികിത്സയും പ്രയാസമേറിയതാണ്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയ ധമനികളെ ബാധിക്കുന്ന ഈ രോഗം മരണത്തിന് കാരണമാകാറുണ്ട്. 

മഹാരാഷ്ട്രയിൽ ജൂൺ 27 വരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരിൽ 14,474 പേർ 20 വയസിന് താഴെയുള്ളവരാണ്. 5103 പേർ 10 വയസിന് താഴെയും 9371 പേർ 10നും 20നും ഇടയിലുള്ളവരുമാണ്. 

സമാന ലക്ഷണങ്ങളാണെങ്കിലും മുംബൈയിലേത് കാവസാക്കി രോഗമല്ലെന്ന് ശിശുരോഗ വിദഗ്ധനായ ഡോ. തനു സിംഗാൾ പറയുന്നു. കോവിഡ് ബാധിച്ച് രണ്ടോ മൂന്നോ ആഴ്ചക്കുള്ളിലാണ് കുട്ടികൾ കാവസാക്കി രോഗലക്ഷണം കാണിക്കാറ്. ഇതേ ലക്ഷണങ്ങളുമായി കോവിഡ് ബാധിതരല്ലാത്ത മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലുണ്ടെന്ന് ഇവർ പറയുന്നു. 

കാവസാക്കി ലക്ഷണങ്ങളോടെയുള്ള കോവിഡ് കേസുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഭായ് ജെർബായ് വാദിയ ആശുപത്രി സി.ഇ.ഒ ഡോ. മിനി ബോധൻവാല പറഞ്ഞു. കാവസാക്കി ലക്ഷണങ്ങളോടെ നാല് കേസുകൾ തന്‍റെ അരികിലെത്തിയതായി ഡോ. ബിശ്വാസ് ആർ. പാണ്ഡെ പറയുന്നു. എന്നാൽ, ഇവർക്ക് കോവിഡ് നെഗറ്റീവാണ്. ഈ കുട്ടികളിൽ കോവിഡിനെതിരായ ആന്‍റിബോഡി രൂപപ്പെട്ടിട്ടുണ്ടാകുമെന്ന് ഇദ്ദേഹം പറയുന്നു. അവസാന നിഗമനത്തിൽ ഇപ്പോൾ എത്താനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.

കോവിഡും കാവസാക്കി രോഗലക്ഷണവുമായി നേരിട്ട് ബന്ധമുണ്ടോയെന്നാണ് മുംബൈയിലെ ഡോക്ടർമാർ പരിശോധിക്കുന്നത്. ഒരു വൈറസിന് നേരെയുള്ള രോഗപ്രതിരോധ പ്രതികരണമാണ് കാവസാക്കി രോഗമെന്ന് ശിശുരോഗ വിദഗ്ധൻ ഡോ. മുകേഷ് ശർമ പറയുന്നു. എന്നാൽ, കോവിഡുമായി നേരിട്ട് ബന്ധമുള്ളതായി ഉറപ്പില്ല. കുട്ടികളിൽ കോവിഡിനെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി കാവസാക്കി രോഗലക്ഷണങ്ങൾ കണ്ടുവരാനാണ് സാധ്യതയെന്ന് ഇദ്ദേഹം പറയുന്നു. 

ജപ്പാനിലെ ഡോ. ടോമി സാക്കു കാവസാക്കിയാണ് ഈ രോഗത്തെക്കുറിച്ചുള്ള വിവരം ആദ്യമായി നല്കിയത്. അതിനാലാണ് ഈ രോഗത്തിന് കാവസാക്കി എന്ന പേരു ലഭിച്ചത്.

Loading...
COMMENTS