You are here

ആപുകൾ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്​ ചൈന

15:04 PM
30/06/2020

ന്യൂഡ​ൽഹി: ടിക്​ടോക്ക്​ ഉൾ​പ്പെടെ 59 ചൈനീസ്​ ആപുകൾ ഇന്ത്യ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്​ ചൈന. ‘ചൈന ശക്തമായി ആശങ്കപ്പെടുന്നു’ ചൈനീസ്​ വിദേശകാര്യമന്ത്രാലയ വക്താവ്​ സാവോ ലിജിയൻ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. 

ജനപ്രിയ ആപായ ടിക്​ടോക്​, വിചാറ്റ്​, എക്​സെൻഡർ, ഷെയർ ഇറ്റ്​ തുടങ്ങിയ 59 ആപുകൾ ഇന്ത്യയിൽ നിരോധിക്കുന്നതായി തിങ്കളാഴ്​ച വൈകുന്നേരമാണ്​ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്​. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​​​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്​തമാക്കിയിരുന്നു. 

ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​​​​​െൻറ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ നീക്കം.

ആപ്പുകൾ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്​ ​സ്​റ്റോറിൽ നിന്നും ടിക്​ ടോകിനെ നീക്കി. തിങ്കളാഴ്​ച രാത്രി വരെ ഇരു സ്​റ്റോറുകളിൽ ആപ്പ്​ ലഭ്യമായിരുന്നുവെങ്കിലും ചൊവ്വാഴ്​ച രാവിലെയോടെ നീക്കുകയായിരുന്നു. 

നിരോധനത്തിൽ ടിക്​ ടോകി​​​െൻറ പ്രതികരണം പുറത്ത്​ വന്നു​. കേന്ദ്രസർക്കാർ പ്രതിനിധികളെ ​കണ്ട്​ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. ഇന്ത്യൻ നിയമമനുസരിച്ചുള്ള ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും ടിക്​ടോക്​ പാലിക്കുമെന്ന്​ കമ്പനിയുടെ ഇന്ത്യ മേധാവി നിഖിൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ഉപയോക്​താക്കളുടെ വിവരങ്ങൾ ചൈനക്ക്​ കൈമാറുന്നില്ലെന്നും ടിക്​ ടോക്​ അറിയിച്ചു.

Latest Video:

Loading...
COMMENTS