You are here

യു.ഡി.എഫിൽ നിന്നുണ്ടായത് കടുത്ത അനീതിയെന്ന് ജോസ്; സ്വാഭാവിക നടപടിയെന്ന് ജോസഫ്

10:44 AM
30/06/2020
jose-k-mani-and-pj-joseph

കോട്ടയം: യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത് കടുത്ത അനീതിയെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. ഹൃദയബന്ധം മുറിച്ചത് നീതിയില്ലാത്ത തീരുമാനമാണെന്നും കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഘടകകക്ഷി എന്നതിനപ്പുറം 38 വർഷക്കാലം യു.ഡി.എഫിന് ശക്തമായ അടിത്തറ പാകിയ പാർട്ടിയാണ് കേരള കോൺഗ്രസ്. കേവലം ഒരു ലോക്കൽ ബോഡി പദവിക്ക് വേണ്ടിയാണ് ആ ഹൃദയ ബന്ധം മുറിച്ചത് എന്നതും വേദനാജനകമാണ്. ഞങ്ങൾ ഒന്നും പിടിച്ചുപറിക്കാനില്ല. മാണി സാർ വളർത്തിയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനുമാണ് അന്നും ഇന്നും ശ്രമിച്ചത് എന്നും അതിനാലാണ് മോശക്കാരനായതെന്നും ജോസ് കെ.മാണി പറഞ്ഞു. 

യു.ഡി.എഫുമായി ഇനിയൊരു സംസാരത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അതില്ലാത്തത് കൊണ്ടല്ലേ അവർ ഹൃദയബന്ധം മുറിച്ചു മാറ്റിയതെന്ന് അദ്ദേഹം ചോദിച്ചു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം കുടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, യു.ഡി.എഫിൽ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയത് സ്വാഭാവിക നടപടിയാണെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗത്തിൽ നിന്ന് കൂടുതൽ പ്രവർത്തകർ തനിക്കൊപ്പം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
 

Loading...
COMMENTS