You are here

ധാരണ നടപ്പാക്കിയാൽ ജോസ്.കെ. മാണി വിഭാഗത്തിന് തിരികെ വരാം-ഉമ്മൻചാണ്ടി

10:36 AM
30/06/2020
Oommen Chandy

തിരുവനന്തപുരം: തങ്ങളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്ന കേരള കോൺഗ്രസ് ജോസ്. കെ മാണി വിഭാഗത്തിന്‍റെ വാദം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ജോസ് കെ. മാണിയുമായി നിരവധി തവണ യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തി. കോട്ടയത്തെ പഞ്ചായത്ത് പ്രസിഡന്‍റ് വിഷയത്തിൽ യു.ഡി.എഫുമായി ധാരണയിലെത്തിയിരുന്നു. ഇത് ലംഘിക്കപ്പെട്ടു. യു.ഡി.എഫിന്‍റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ എത്തിയപ്പോൾ യു.ഡി.എഫ് നേതൃത്വം ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്. ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനം അടഞ്ഞ അധ്യായമല്ല. ഇനിയും സമവായത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ജോസ് കെ. മാണിയുമായി കുഞ്ഞാലിക്കുട്ടിയും ചർച്ചകൾ നടത്തിയിരുന്നു. ധാരണക്കനുസരിച്ച് നീങ്ങിയില്ലെങ്കിൽ വളരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനത്തിലെത്തിയത്. കോട്ടയത്തെ ധാരണ നടപ്പാക്കിയാൽ ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
 

Loading...
COMMENTS