തീൻമേശ വീണ്​ ഓടിക്കൊണ്ടിരിക്കുന്ന കാർ മറിഞ്ഞു

05:03 AM
24/06/2020
(ചിത്രം) അഞ്ചാലുംമൂട്: ബൈപാസില്‍ വീണ്ടും അപകടം. ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് വീണ ഡൈനിങ്‌ടേബിളില്‍ തട്ടി കാര്‍ നിയന്ത്രണം തെറ്റിമറിഞ്ഞു. കാര്‍യാത്രികനായ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍ ഗോപകുമാറിന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.30ന് ബൈപാസിലെ കടവൂര്‍ മങ്ങാട് പാലത്തില്‍ െവച്ചായിരുന്നു അപകടം. ഗോപകുമാര്‍ കാറില്‍ കായംകുളത്തുനിന്ന് മെഡിസിറ്റി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചാത്തന്നൂരില്‍നിന്ന് കരുനാഗപ്പള്ളിയിലേക്ക് വീട്ടുസാധനങ്ങളുമായി പോകുകയായിരുന്ന ഏയ്‌സ് വാഹനത്തിൻെറ മുകളില്‍ കെട്ടിയിരുന്ന ഡൈനിങ് ടേബിള്‍ പാലത്തിന് മധ്യേ മുകളില്‍നിന്ന് റോഡിൻെറ വലതുവശത്തേക്ക് വീഴുകയായിരുന്നു. വലതുവശത്തുകൂടി വന്ന കാര്‍ ടേബിള്‍ റോഡില്‍ വീണതുകണ്ട് ഇടത്തേക്ക് വെട്ടിച്ചുമാറ്റിയതിനെ തുടര്‍ന്ന് കൈവരിയില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. 20മീറ്ററോളം ദൂരത്തില്‍കാര്‍ നീങ്ങുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ നെഞ്ചില്‍ സ്റ്റിയറിങ്ങ് ഇടിച്ചാണ് ഡോക്ടര്‍ക്ക് പരിക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചു.
Loading...