പൊലീസിനെ മഹത്വവൽകരിക്കുന്ന സിനിമകൾ ചെയ്തതിൽ ഖേദിക്കുന്നു -സിങ്കം സംവിധായകൻ ഹരി

22:51 PM
29/06/2020
director-hari

ചെന്നൈ: പൊലീസി​​െൻറ ക്രൂരമർദനത്തെ തുടർന്ന്​ തൂത്തുക്കുടി സ്വദേശികളായ  ജയരാജും മകൻ ബെനിക്സും കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രശസ്​ത സംവിധായകൻ ഹരി. ജൂണ്‍ കഴിഞ്ഞ ദിവസം എഴുതിയ തുറന്ന കത്തിലാണ് ഹരി തുത്തുകുടി സംഭവത്തെ അപലപിച്ച്​ രംഗത്തെത്തിയത്​. പൊലീസിനെ മഹത്വവല്‍ക്കരിച്ച്​ താൻ ചെയ്​ത സിനിമകളെ ഓര്‍ത്ത് ഖേദമുണ്ടെന്ന് സംവിധായകൻ പറഞ്ഞു. 

'സാത്താൻകുളത്ത് നടന്നത് പോലുള്ള ക്രൂരമായ സംഭവം ഇനി തമിഴ്‌നാട്ടിൽ മറ്റാർക്കും സംഭവിക്കരുത്. കുറ്റക്കാരെ കണ്ടെത്തി ഏറ്റവും ഉയർന്ന ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ് അതിനുള്ള ഒരേയൊരു വഴി. പൊലീസ് സേനയിലെ ചിലരുടെ പ്രവൃത്തികൾ മുഴുവൻ സേനയെയും അപമാനിക്കുന്നതാണ്​. പൊലീസിനെ മഹത്വവത്കരിക്കുന്ന അഞ്ച് സിനിമകൾ ചെയ്തതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു', ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ ഹരി പറഞ്ഞു.

സൂര്യയെ നായകനാക്കി ഒരുക്കിയ സിങ്കം, വിക്രമിനെ നായകനാക്കി ചെയ്​ത സാമി എന്നീ ചിത്രങ്ങളാണ്​ ഹരിയുടെ ഏറ്റവും വലിയ വിജയങ്ങളായ പൊലീസ്​ കഥകൾ. ഇൗ ചിത്രങ്ങളുടെ വിജയത്തി​​െൻറ ചുവടുപിടിച്ച്​ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊക്കെ സംവിധായകൻ ഒരുക്കിയിരുന്നു. ഇൗ ചിത്രങ്ങളിലെല്ലാം തന്നെ പൊലീസ് ഏറ്റുമുട്ടലുകൾ ന്യായീകരിക്കുകയും അവരുടെ മർദനമുറകൾ മഹത്വവൽക്കരിക്കുകയും ചെയ്യുന്നുണ്ട്​.  കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ അധികാരം ഉപയോ​ഗപ്പെടുത്തേണ്ടവരാണ് പൊലീസുകാർ. അവർ തന്നെ അധികാരത്തെ ദുരുപയോ​ഗം ചെയ്താൽ നമ്മൾ അതിനെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ വ്യക്​തമാക്കി.

കസ്റ്റഡി മരണം തമിഴ്​നാട്ടിൽ വലിയ പ്രക്ഷോഭത്തിനാണ്​ തുടക്കംകുറിച്ചിരിക്കുന്നത്​.  സംഭവത്തിനെതിരെ പ്രതിഷേധം അറിയിച്ച് സിനിമാ-രാഷ്​ട്രീയ രംഗത്തെ പല പ്രമുഖരും രം​ഗത്ത് വന്നിരുന്നു. 

ലോക്ഡൗൺ ലംഘിച്ചുവെന്ന പരാതിയിലായിരുന്നു മൊബൈൽ കടയുടമ ജയരാജ്, മകൻ ബെനിക്സ് എന്നിവരെ കസ്റ്റഡിയിലെടുത്തത്​. എന്നാൽ, ജൂൺ 23ന് ഇവർ കോവിൽപട്ടി ആശുപത്രിയിൽവെച്ച്​ മരിച്ചു. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവരികയായിരുന്നു. സംഭവത്തിൽ സാത്താങ്കുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്​.

Loading...
COMMENTS