യാഖൂബും പ്രഭു ദയാലും നമ്മുടെ ഹൃദയങ്ങൾ ശുദ്ധമാക്കട്ടെ!

19:10 PM
19/05/2020
yakoob-and-amrit
ബോധരഹിതനായ അമൃത് രാംചരണിനെ മടിയിൽ കിടത്തി കരയുന്ന മുഹമ്മദ് യാഖൂബ്​

നമ്മു​ടെ പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ്​ അടുത്തിടെ വന്ന രണ്ട് വാർത്തകൾ. തൊഴിലാളികളായ അമൃത് രാംചരൺ, സുഹൃത്ത് മുഹമ്മദ് യാഖൂബ്​ എന്നീ യുവാക്കളുടെ ആത്മബന്ധമാണ്​ ആദ്യത്തേത്. ഇരുവരും ഗുജറാത്തിലെ സൂറത്തിൽനിന്ന് യു.പിയിലെ ബസ്തിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ അമൃത് പെട്ടെന്ന് ബോധരഹിതനായി. കോവിഡ്​ ആണെന്ന്​ ഭയന്ന ട്രക്കിലെ മറ്റുയാത്രക്കാർ അമൃതിനെ അർധരാത്രി റോഡരികിൽ ഇറക്കിവിട്ടു. സുഹൃത്തിനെ തനിച്ചാക്കാൻ സമ്മതിക്കാതെ മുഹമ്മദ് യാഖൂബും ട്രക്കിൽനിന്ന് ഇറങ്ങി. 

പിന്നീട്, അമൃതിനെ മടിയിൽ കിടത്തി നിസ്സഹായതയോടെ കരയുന്ന ഈ മുസ്​ലിം ചെറുപ്പക്കാരൻ ഏതോ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെട്ടു. അമൃതിനെ ആശുപത്രിയിൽ എത്തിക്കാൻ അവർ ആംബുലൻസ്​ ഏർപ്പാടാക്കിക്കൊടുത്തു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും അമൃത് മരിച്ചു. 

വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതാണ്​ രണ്ടാമത്തെ വാർത്തയും. ഹൃദയസ്പർശിയായ ഒരു കത്ത് കാരണം ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. സൈക്കിൾ മോഷ്ടിച്ച കുടിയേറ്റ തൊഴിലാളി​ സൈക്കിളി​​െൻറ ഉടമയെ അഭിസംബോധന ചെയ്ത്​ ഹിന്ദിയിൽ എഴുതിയതാണ്​ ഈ കത്ത്​.

“നിസ്സഹായനായ തൊഴിലാളിയാണ്​ ഞാൻ. നിങ്ങളോട്​ ഒരു തെറ്റ്​ ചെയ്യുന്നു. നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്​. എന്നോട് ക്ഷമിക്കൂ. എനിക്ക് നാട്ടിലെത്താൻ മറ്റ് മാർഗങ്ങളില്ല, എനിക്ക് വികലാംഗനായ ഒരു കുട്ടിയുണ്ട്. ബറേലിയിലേക്ക് പോകണം” എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. 

ഈ കത്ത് വായിച്ചതോടെ സൈക്കിളി​​െൻറ ഉടമ പൊലീസിൽ പരാതി നൽകാൻ വിസമ്മതിച്ചു. പ്രഭു ദയാൽ എന്നാണ്​ ഉടമയുടെ പേര്. സൈക്കിൾ എടുത്ത മുഹമ്മദ് ഇക്ബാൽ ഖാ​​െൻറ നടപടി പ്രഭു ദയാൽ ഒരു മോഷണമായി കണ്ടില്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ സ്വന്തം സൈക്കിൾ നഷ്ടപ്പെടാത്ത മാധ്യമ പ്രവർത്തകർ സംഭവത്തെ ‘മോഷണം’ എന്ന് റിപ്പോർട്ട് ചെയ്തു.

കോവിഡ് കാലത്തെ മൈത്രി

ഇതുസംബന്ധിച്ച വാർത്തകളിൽ പരാമർശിക്കുന്നില്ലെങ്കിലും വരികൾക്കിടയിൽ വായിക്കാൻ കഴിയുന്ന ഒന്നുണ്ട്​. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ പോലും ഇന്ത്യയിലെ പാർശ്വവത്കൃത ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മൈത്രിയാണത്​. ആദ്യവാർത്തയിലെ മരിച്ച യുവ തൊഴിലാളി ഒരു ഹിന്ദുവും അദ്ദേഹത്തെ സഹായിക്കുകയും മടിയിൽ കിടത്തി നിലവിളിക്കുകയും ചെയ്​ത കൂട്ടുകാരൻ ഒരു മുസ്​ലിമും ആയിരുന്നു. രണ്ടാമത്തെ സംഭവത്തിൽ, ‘ഇര’ ഒരു നിസ്സഹായനായ മുസ്​ലിം കുടിയേറ്റ തൊഴിലാളിയാണ്. സൈക്കിളി​​െൻറ ഉടമയാക​ട്ടെ അനുകമ്പയുള്ള ഒരു ഹിന്ദുവും. ഈ യാഥാർത്ഥ്യം നിർഭാഗ്യവശാൽ നമ്മുടെ മാധ്യമപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്നില്ല. 

മതപരമായ ഐക്യം മാധ്യമങ്ങൾക്ക് ഒരു വാർത്തയേയല്ല. അതേസമയം, മതത്തി​​െൻറ പേരിലുള്ള അക്രമമായിരുന്നുവെങ്കിൽ നമ്മുടെ മാധ്യമങ്ങൾ വിവിധ രീതിയിൽ വാർത്തകൾ ​കൊടുക്കുമായിരുന്നു. നിലവിലുള്ള വിഭാഗീയതയെ വികാരപരമായി പെരുപ്പിക്കാൻ ഇത് മതിയാകും. എന്നാൽ ഐക്യത്തിന്​ ഒട്ടും വാർത്താപ്രാധാന്യമില്ല.

വാർത്തയായാലും ഇല്ലെങ്കിലും സാമുദായിക ഐക്യം വിളിച്ചോതുന്ന ആയിരക്കണക്കിന് സംഭവങ്ങൾ പതിവായി നടക്കുന്ന രാജ്യമാണിത്. ഹിന്ദുക്കൾ മുസ്​ലിംകളെയും മുസ്‌ലിംകൾ ഹിന്ദുക്കളെയും സഹായിക്കുന്നു. ഇസ്‌ലാം, ഹിന്ദു, ക്രിസ്ത്യൻ, സിഖ് അല്ലെങ്കിൽ നിരീശ്വരവാദം തുടങ്ങി ഏത്​ വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും ഐക്യം എന്ന ആശയം ഇപ്പോഴും ഭൂരിഭാഗം ഇന്ത്യക്കാരിലും ഉണ്ട്. 

വാസ്തവത്തിൽ, ഐക്യമാണ്​ ഇപ്പോഴും നമ്മുടെ മുഖ്യധാരയുടെ പെരുമാറ്റസംഹിത. സാമുദായിക വിദ്വേഷം പൊതുവികാരമല്ല. ഐക്യത്തിൽ വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മതാടിസ്ഥാനത്തിൽ അക്രമം പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവർ വളരെ ചെറിയ സംഘമാണ്​. 

ഐക്യം സ്വാഭാവികമായി കടന്നുവരു​േമ്പാൾ ഛിദ്രശക്തികൾ സൃഷ്ടിക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായാണ്​ സാമുദായിക സംഘർഷം ഉടലെടുക്കുന്നത്​. മുഖ്യധാരാ മാധ്യമങ്ങൾ മനസ്സുവെച്ചാൽ വർഗീയ ശക്​തികളെ ഒറ്റപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. പക്ഷേ, വാർത്തകളെ വർഗീയമായി നൽകാനുള്ള വാഹനമായി മാധ്യമങ്ങൾ മാറുമ്പോൾ അന്തരീക്ഷം നിയന്ത്രണാതീതമായി സങ്കീർണ്ണമാകും.

ആശുപത്രിയിൽ ഹിന്ദു വാർഡ്, മുസ്ലിം വാർഡ്!

ഈ കോവിഡ് കാലത്തുള്ള പ്രതിസന്ധിയെ വരെ സാമുദായികവൽക്കരിക്കാനുള്ള ഹിന്ദുത്വശക്തികളുടെ തീവ്രശ്രമങ്ങളും നമ്മൾ കാണാതിരുന്നു കൂടാ. ഇത്​ വ്യക്​തമാക്കുന്ന നിരവധി സംഭവങ്ങളാണ്​ രാജ്യത്ത്​ അരങ്ങേറിയത്​. പാസ്​റ്ററുടെ സാന്നിധ്യത്തിൽ സ്വന്തം വീട്ടിൽ പ്രാർത്ഥനാ യോഗം നടത്തിയെന്ന ‘കുറ്റ’ത്തിന്​ ഒരു ക്രിസ്​തുമത വിശ്വാസിയെ ക്രൂരമായി മർദിച്ചത്​ ഉദാഹരണം. കാമ സോഡി എന്ന 30 കാരനെയാണ്​ ഹിന്ദുത്വ ശക്തികൾ മരക്കഷ്​ണങ്ങൾ ഉപയോഗിച്ച്​ അടിച്ച്​ ബോധരഹിതനാക്കിയത്​. ഒഡീഷയിലെ മൽകാൻഗിരിയിലെ കോഡൽ മെറ്റ്‌ല ഗ്രാമത്തിലാണ് സംഭവം.

ഝാർഖണ്ഡിൽ ക്രിസ്തുമതത്തിൽ വിശ്വസിച്ചതി​​െൻറ പേരിൽ 16 കുടുംബങ്ങളെയാണ്​  നിരന്തരം പീഡിപ്പിക്കുന്നത്​. വിശ്വാസം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്​ പ്രാദേശിക ഗുണ്ടകൾ അവരെ ശാരീരികമായി ആക്രമിക്കുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ മത പരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനമാണ്​ ഝാർഖണ്ഡ്​ എന്ന കാര്യം ഓർക്കണം. 

മതപരിവർത്തന നിരോധന നിയമം പാസായ സംസ്ഥാനങ്ങളിൽ വർഗീയ അക്രമങ്ങൾ രൂക്ഷമാണെന്ന് സംഭവം റിപ്പോർട്ട് ചെയ്ത പീഡന ദുരിതാശ്വാസം എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ ഷിബു തോമസ് ചൂണ്ടിക്കാട്ടുന്നു. ഒഡീഷയാണ് ആദ്യമായി മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. 2017ൽ ഝാർഖണ്ഡും പാസാക്കി. ഈ നിയമം പാസാക്കിയ മറ്റൊരു സ​ംസ്​ഥാനമാണ്​ ഗുജറാത്ത്​. ഇവിടെ കോവിഡിനുള്ള പ്രത്യേക ആശുപത്രിയിൽ മുസ്​ലിം രോഗികളെ ഹിന്ദു രോഗികളിൽ നിന്ന് വേർതിരിക്കാനും ശ്രമിച്ചു. അവയെ ഹിന്ദു വാർഡുകൾ, മുസ്​ലിം വാർഡുകൾ എന്ന്​ പേരിട്ടുവിളിച്ചിരുന്നു. 

മുസ്​ലിംകൾ കൊറോണ പടർത്തുന്നുവെന്ന ഹിന്ദുത്വ പ്രചാരണം കാരണം ഗുജറാത്തിലെ ചില സ്ഥലങ്ങളിൽ ഭയം കാരണം മുസ്​ലിംകൾക്ക് പച്ചക്കറി വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. മുസ്​ലിം കച്ചവടക്കാരിൽനിന്ന് ഹിന്ദുക്കൾ അവശ്യവസ്തുക്കൾ വാങ്ങുന്നത് തടയാൻ ഹിന്ദുത്വർ വിവിധ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. ഗുജറാത്തിലെ സാമുദായിക വംശഹത്യയ്ക്ക് തൊട്ടുമുമ്പ് ഹിന്ദുത്വശക്തികൾ ഉപയോഗിച്ച തന്ത്രമായിരുന്നു മുസ്​ലിംകളെ ബഹിഷ്‌കരിക്കുക എന്നത്. 

കോവിഡി​​െൻറ മറവിലാണ്​ ഡൽഹിയിലെ മുസ്​ലിം വിദ്യാർത്ഥികളെയും യുവാക്കളെയും സർക്കാർ അറസ്റ്റ് ചെയ്യുകയും യു‌.എ‌.പി.‌എ എന്ന കരിനിയമപ്രകാരം കേസുകൾ ചുമത്തുകയും ചെയ്തത്​. 

മുറിവുണങ്ങട്ടെ, ഐക്യത്തിലൂടെ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ആശ്വാസം നൽകുന്ന ഒരു പ്രധാന വശം കാണാതിരുന്നുകൂടാ. ആളുകൾ -അവർ വിശ്വാസിയാക​ട്ടെ അവിശ്വാസിയാക​ട്ടെ- അക്രമത്തെ ഇഷ്​ടപ്പെടുന്നില്ല എന്നതാണ് വസ്തുത. വിശ്വാസത്തി​​െൻറ പേരിലുള്ള അക്രമം അവർ പ്രോത്സാഹിപ്പിക്കുന്നേ ഇല്ല. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനും അധികാരം നേടാനും കാര്യങ്ങൾ നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവർ മാത്രമാണ് അക്രമത്തിന്​ മുൻഗണന നൽകുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ വിഭജന കാലഘട്ടം മുതൽ ഇന്ത്യ നിരവധി സാമുദായിക കലാപങ്ങൾക്ക്​ സാക്ഷ്യം വഹിച്ചിട്ടുണ്ട്​. ഈ സംഘർഷങ്ങൾക്കിടയിലെല്ലാം നിങ്ങൾക്ക്​ അമൃത് - മുഹമ്മദ് യാഖൂബ്​മാരെയും പ്രഭു ദയാൽ -മുഹമ്മദ് ഇക്ബാൽ ഖാൻമാരെയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും എന്നത്​ ശ്രദ്ധേയമായ കാര്യമാണ്​. ദില്ലിയിലെ സിഖ് വംശഹത്യ, മുംബൈ കലാപം, ഗുജറാത്ത് വംശഹത്യ, കാന്ധമാൽ വംശഹത്യ തുടങ്ങി വിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ പ്രധാന അക്രമ സംഭവങ്ങളിലും നിങ്ങൾക്ക് ഇത് കാണാൻ കഴിയും. 

ഇപ്പോഴും ഈ രാജ്യത്തെ ആളുകൾ വിശ്വസിക്കാൻ ഇഷ്​ടപ്പെടുന്ന ഏറ്റവും ചലനാത്മകമായ വികാരമാണ് സ്നേഹവും അനുകമ്പയും. സ്നേഹവും വിദ്വേഷവും തമ്മിലുള്ള ഈ വൈരുധ്യമായ യാഥാർഥ്യം കാരണമാണ്​ നമ്മൾ ഇപ്പോഴും ഒരു രാജ്യമായി ഇവിടെ നിലനിൽക്കുന്നത്​. വിദ്വേഷ പ്രചാരകരെ പോലും വെറുക്കാൻ ഇന്ത്യയിലെ ആളുകൾക്ക്​ കഴിയില്ല എന്നതാണ്​ സത്യം. അതുകൊണ്ടുതന്നെ, ദേശീയ അംഗീകാരമുള്ള രാഷ്ട്രീയക്കാർ എന്ന നിലയിൽ വർഗീയ വിദ്വേഷ പ്രചാരകരുടെ ഭാരം വരെ നമ്മൾ വഹിച്ചിരുന്നു.

വിദ്വേഷ രാഷ്ട്രീയം കാരണം നിരവധി മുറിവുകളേറ്റ നമ്മുടെ നാഗരികതയിൽ ഐക്യത്തിനുള്ള നിർണായക പ്രാധാന്യം കൂടുതൽ ആളുകൾ മനസ്സിലാക്കുന്ന സമയം വരുക തന്നെ ചെയ്യും.

ഭാവിയിൽ കൂടുതൽ കൂടുതൽ മുഹമ്മദ് യാഖൂബ്​മാരും പ്രഭു ദയാലുമാരും നമ്മുടെ ഹൃദയങ്ങൾ കീഴടക്കട്ടെ. ഇന്ത്യയിലെ ഐക്യത്തെക്കുറിച്ചുള്ള ഈ ലോകവീക്ഷണം രൂപപ്പെടുത്തുന്നതിലും  ശക്തിപ്പെടുത്തുന്നതിലും തങ്ങൾക്കുള്ള പങ്ക്​ മനസ്സിലാക്കാൻ മാധ്യമ പ്രവർത്തകർക്കും കഴിയ​ട്ടെ എന്നാശംസിക്കുന്നു.

Loading...
COMMENTS