ടിക്​ ടോക്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവോ ? വസ്​തുതയെന്ത്​

വിഷ്​ണു.ജെ
11:26 AM
30/06/2020
tik-tok

59 ചൈനീസ്​ ആപ്പുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോടെ ടിക്​ ടോക്​ വീണ്ടും ചർച്ചകളിലേക്ക്​ ​ വരികയാണ്​. നിരവധി ആപ്പുകളെ കേന്ദ്രസർക്കാർ വെട്ടിയെങ്കിലും ഏറ്റവും കൂടുതൽ ചർച്ചയായത്​  ടിക്​ ടോക്​ നിരോധനം തന്നെയാണ്​. ഇൻസ്​റ്റഗ്രാം, യുട്യൂബ്​ പോലുള്ള ആപുകളെ കടത്തിവെട്ടിയായിരുന്നു ആഗോളതലത്തിലും ഇന്ത്യയിലും ടിക്​ ടോകിൻെറ ഡൗൺലോഡിങ്​ മുന്നേറിയത്​. എല്ലാ പ്രായക്കാർക്കിടയിലും ടിക്​ ടോക്​ അതിവേഗം സ്വീകാര്യത നേടി. പക്ഷേ, ആപ്പിൻെറ സു​രക്ഷാവീഴ്​ചകളെ കുറിച്ച്​ നിരവധി സൈബർ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും ജനസ്വീകാര്യതക്ക്​ മുന്നിൽ ഇതെല്ലാം അവഗണിക്കപ്പെട്ടു. ഇപ്പോൾ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന്​ 59 ആപുകൾ നിരോധിക്കാനുള്ള തീരുമാനം ടിക്​ ടോകിലെ സുരക്ഷാ പിഴവുകളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ്​.

​കൈയോടെ പിടിച്ച്​ ആപ്പിൾ

ആപ്പിൾ മൊബൈൽ ഫോണുകളിൽ നിന്ന്​ ടിക്​ ടോക്​ വിവരം ചോർത്തുന്നുവെന്നത്​ കഴിഞ്ഞ ദിവസമാണ്​ പുറത്ത്​ വന്നത്​. ഐ.ഒ.എസ്​ 14 ഉപയോഗിക്കുന്ന ഉപയോക്​താകളുടെ ക്ലിപ്​ബോർഡിൽ കടന്നു കയറിയായിരുന്നു വിവരം ചോർത്തിയത്​. ആപ്പിൾ തന്നെയാണ്​ ഇക്കാര്യം കണ്ടെത്തിയത്​. എന്നാൽ, ആപ്പിൾ ഇത്​ കണ്ടെത്തുന്നതിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ വരെ ടിക്​ ടോക്​ പറഞ്ഞത്​ വിവരങ്ങൾ ചോർത്തുന്നില്ലെന്നായിരുന്നു. ഐ.ഒ.എസ്​ ബീറ്റയിൽ ആപ്പിൾ ഉൾപ്പെടുത്തിയ ഫീച്ചറാണ്​ ടിക്​ ടോക്​ ഉൾപ്പടെയുള്ള നിരവധി ആപുകളിലെ വിവരചോർത്തുന്നത്​ സംബന്ധിച്ച വിവരങ്ങൾ പുറത്ത്​ കൊണ്ടു വന്നത്​. ആപ്പിൾ ഉപയോക്​താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന്​ വിശദീകരിച്ചായിരുന്നു ഈ വിവാദത്തിൽ നിന്ന്​ ടിക്​ ടോക്​ തലയൂരിയത്​. പല ​യു.എസ്​ മാധ്യമങ്ങളും ടിക്​ ടോക്​ വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ച്​ നേരത്തെ തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നുവെങ്കിലും ആപ്പിളാണ്​ ഇത്​ തെളിവ്​ സഹിതം പുറത്ത്​ കൊണ്ട്​ വന്നത്​. വ്യക്​തികളുടെ സ്വകാര്യതക്ക്​ മുന്തിയ പരിഗണന നൽകുന്ന ആപ്പിളിൻെറ നയം തന്നെയാണ്​ ടിക്​ ടോകിന്​ പിടിവിഴാനുള്ള പ്രധാന കാരണം. 

ഇസ്രായേൽ സൈബർ വിദഗ്​ധരുടെ മുന്നറിയിപ്പ്​

ടിക്​ ടോകിൽ സുരക്ഷാ പിഴവുകൾ ഉണ്ടെന്ന ആരോപണം​  തുടക്കം മുതൽ തന്നെയുണ്ട്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ വ്യക്​തമായ തെളിവുകൾ പുറത്ത്​ വിട്ടത്​ ഒരുപറ്റം ഇസ്രായേൽ ഗവേഷകരാണ്​. ഇസ്രായേൽ സ്ഥാപനമായ ചെക്ക്​ പോയിൻറാണ്​ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടത്​. ഹാക്കർമാർക്ക്​ ടിക്​ ടോക്​ ഉപയോക്​താകളുടെ അക്കൗണ്ടുകളിൽ കടന്നു കയറി അവരുടെ അനുവാദമില്ലാ​െത വീഡിയോകൾ പോസ്​റ്റ്​ ചെയ്യാനും മാറ്റം വരുത്താനും കഴിയുമെന്നായിരുന്നു സൈബർ വിദഗ്​ധരുടെ മുന്നറിയിപ്പ്​. ഉപയോക്​താകൾക്ക്​ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്യുന്നതോടെയാണ്​ ഹാക്കർമാർക്ക്​ അവരുടെ അക്കൗണ്ടിൽ കടന്നു കയറാൻ സാധിക്കുക. കുട്ടികളുടേത്​ ഉൾപ്പടെയുള്ള വിഡിയോകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയു​ണ്ടെന്നായിരുന്നു മുന്നറിയിപ്പ്​. എന്നാൽ, ഈ സുരക്ഷാ വീഴ്​ച ടിക്​ ടോക്​ പരിഹരിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്​തത വന്നിട്ടില്ല.

ടിക്​ ടോക്​ ഒരു ഇത്തിക്കണ്ണിയാണെന്നായിരുന്നു റെഡ്ഡിറ്റ്​ സി.ഇ.ഒ സ്​റ്റീഫ്​ ഹഫ്​മാൻെറ വിമർശനം. ഉപയോക്​താക്കളുടെ വിവരം ചോർത്തിയല്ലാതെ ടിക്​ ടോകിന്​ നില നിൽപ്പില്ലെന്നും ഹഫ്​മാൻ പറഞ്ഞിരുന്നു. വിവരചോർച്ച സൈബർ ലോകത്തെ ആദ്യത്തെ സംഭവമൊന്നും അല്ല. ഫേസ്​ബുക്ക്​ ഉൾപ്പെടയുള്ള ജനപ്രിയമായ നിരവധി ആപുകൾ വിവരചോർച്ചയിൽ കുറ്റാരോപിതരായിട്ടുണ്ട്​. പക്ഷേ ആരോപണങ്ങൾക്ക്​ ശേഷം കൂടുതൽ സുരക്ഷപാലിച്ച്​ തിരിച്ച്​ വരാൻ പല ആപുകൾക്കും കഴിഞ്ഞിട്ടുണ്ട്​. എന്നാൽ, പല തവണ വിവരചോർച്ചയും സുരക്ഷാപിഴവുകളും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത്​ വന്നിട്ടും ഇക്കാര്യങ്ങളിലെല്ലാം ടിക്​ ടോക്​ എത്രത്തോളം മുന്നേറിയെന്നത്​ പരിശോധിക്കപ്പെടേണ്ട വിഷയമാണ്​.

Loading...
COMMENTS